BREAKING NEWS

Online Radio

ടെക്ക്നോളജി വാര്‍ത്തകള്‍

വാര്‍ത്തകള്‍

Saturday, 21 May 2016

കാടിന്‍റെ വഴികളിലൂടെ...


രാവിലെ ഉറക്കപ്പായയില്‍ കിടക്കുമ്പോഴാണ്  ഫോണ്‍ റിംഗ് ചെയ്യുന്നത്. അനീഷിന്റെ കോള്‍ ആണ്, ഫോണ്‍ എടുത്തപാടെ ഓന്റെ ചോദ്യം ഡാ അച്ചന്‍‌കോവില്‍ വരുന്നോ ? നല്ല ക്ലൈമറ്റാ,നീ വേഗം എണീക്ക് ,ഒന്നര മണിക്കൂറില്‍ പുനലൂര്‍ എത്തണം.
ഡാ എനിക്ക് വോട്ടിടാന്‍ പോണം.
അതൊക്കെ എന്തോ ആയിക്കോട്ടെ, 10.30 ആകുമ്പോഴേക്കും നീ പുനലൂര്‍ ഉണ്ടാകണം.
അല്ലേലും ഒരു ട്രിപ്പ് പോകാന്‍ മുട്ടി നില്‍ക്കുമ്പോ വന്ന ചാന്സാ കളയണ്ട. ഞാനും കരുതി.
പോരാത്തേന് അടുത്തു തന്നെ വരുന്ന ഒരു കാട് കയറലിനു മുന്‍പുള്ള ഒരു ട്രയലുമാകും.
വോട്ടിടാതെ വൈകിട്ട് വീട്ടില്‍ കയരുതെന്ന വീട്ടുകാരുടെ താക്കീത് മാനിച്ച് കുളിച്ചൊരുങ്ങി വോട്ടുമിട്ട് നേരേ പുനലൂര്‍.
കണ്ടപാടെ അവന്‍റെ വക തെറിവിളി, സ്വല്‍പ്പം ലേറ്റായി പോയതിനാണ്. ഒരു ഒരു മണിക്കൂര്‍.
പിന്നെ സഹയാത്രികരുടെ അടുത്തേക്ക്, പത്തനാപുരത്ത് ശ്യാമും അനുവും അനുവിന്റെ ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു. എല്ലാവരെയും ആദ്യമായി കാണുകയായിരുന്നു. എങ്കിലും വളരെപ്പെട്ടെന്ന് തന്നെ എല്ലാവരുമായും കമ്പനി ആയി.മൂന്നു ബൈക്കുകള്‍. ആവശ്യത്തിനു പെട്രോള്‍ അടിച്ച് ബൈക്ക് നേരെ കോന്നി റോഡിലേക്ക്.
എലിയറക്കല്‍ നിന്ന് വലത്തേക്ക് തിരിയണം.അതാണ്‌ കല്ലേലി റൂട്ട്. ആ റോഡിലേക്ക് കയറുമ്പോ തന്നെ നല്ല തണുത്ത കാറ്റ് അടിച്ച് തുടങ്ങും. രാവിലെ എപ്പഴോ പെയ്ത മഴയാണ്.റോഡാകെ നനഞ്ഞു കിടക്കുന്നുണ്ട്. നല്ല കറുത്ത റോഡുകള്‍. ചുറ്റും മരങ്ങള്‍.

കല്ലേലി തീരുന്ന ഭാഗത്ത് നിന്നാണ് അച്ചന്‍കോവിലിലെക്കുള്ള വഴി തുടങ്ങുന്നത്. റോഡിന്‍റെ വീതി നേര്‍ പകുതിയായി കുറഞ്ഞ പോലെ തോന്നി. അതുവരെ കിട്ടിയതില്‍ നിന്നും കുറച്ച് തണുപ്പ് കൂടുതലായി അനുഭവപ്പെട്ടുതുടങ്ങി.സമയം ഉച്ചയോട് അടുത്തുവെങ്കിലും ഒരു കിരണം പോലും റോഡിലേക്ക് വീഴുന്നില്ല,എല്ലാം മരങ്ങള്‍ തടഞ്ഞു നിര്‍ത്തുകയാണ്.
നഗരത്തിന്‍റെ ചൂരില്‍ നിന്നും കാടിന്‍റെ ഉള്ളിലേക്ക് ഇറങ്ങുമ്പോ ഉള്ള ആ ഒരു സുഖം അത് പറഞ്ഞാല്‍ പറ്റില്ല, അത് അനുഭവിച് തന്നെ അറിയേണ്ടതാണ്.നമ്മള്‍ ശ്വസിക്കുന്ന ഓരോ ശ്വാസത്തിനും ക്ഷീണമകറ്റാനുള്ള എന്തോ കഴിവുള്ളപോലെ.
ഞങ്ങളുടെ ബൈക്കുകള്‍ ചെക്പോസ്റ്റ് കഴിഞ്ഞു മുന്നോട്ട് നീങ്ങി ഇനിയാണ് കാടിന്‍റെ ഉള്ളിലേക്ക് പോകുന്ന വഴി, ശരിക്കും ഞങ്ങള്‍ സഞ്ചരിച്ചത് കാടിന്‍റെ ഉള്ളിലൂടെയല്ല,കാട്ടില്‍ കയറാന്‍ അത്ര എളുപ്പമല്ല,വൈദ്യത വേലികളാല്‍ സംരക്ഷണം തീര്‍ത്തിരിക്കുന്നു പല ഭാഗത്തും. അപ്പൊ പിന്നെ റോഡിനു ചുറ്റും കാണുന്ന കാഴ്ചകളില്‍ ത്രിപ്തിപെട്ടു അങ്ങ് സഞ്ചരിക്കുക.

ഈ വഴിക്ക് ഒരു പ്രത്യേകത ഉണ്ട്, നമ്മള്‍ പ്രതീക്ഷിക്കാത്ത സമയത്താണ് നല്ലൊരു വളവ് വരിക. എപ്പോഴും സ്പീഡ് കൂട്ടിപോകുന്നത് സ്വല്‍പ്പം റിസ്ക്‌ ആണ്. ഒന്ന് രണ്ടു തവണ ഞാനും എന്റെ ബൈക്കും വളവിന്റെ തുമ്പത് ചെന്ന് നില്‍ക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്. ഒരു തൊണ്ണൂറു ശതമാനം വളവുകളിലും കൈവരി കെട്ടിയിട്ടില്ല.
കുറച്ചു കൂടി മുന്നോട്ട് ചെന്നപ്പോ ഒരു ബൈക്ക് എതിരെ വന്നു, ഒരു ഫാമിലിയാണ്.
വന്ന വഴിയില്‍ എന്തേലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചു, ഇല്ലെന്നു മറുപടി കൊടുത്ത ശേഷം എന്താ ചേട്ടാ കാര്യം എന്ന് തിരക്കി.
“ഹേ പേടിക്കാനൊന്നുമില്ല , ഞങ്ങള്‍ വരുന്നവഴി റോഡില്‍ ഒരു കാട്ടാനയെക്കണ്ടാരുന്നു. കുറെ നേരം വെയിറ്റ് ചെയ്തിട്ടാ അവന്‍ പോയത്.”
“ഹീശ്വരാ , ആനയാ ? ഡാ നീയെന്നോട് ഈ വഴി ആനയിറങ്ങും എന്നൊന്നും പറഞ്ഞില്ലല്ലോ ?”
“കാട്ടില്‍ ആനയല്ലാതെ ആട് ഇറങ്ങുമോടെയ്”. ഓന്റെ നിസാരവല്‍ക്കരിച്ച മറുപടിക്ക് മുന്നില്‍ എനിക്ക് ഒന്നും തന്നെ പറയാന്‍ ഇല്ലായിരുന്നു.
കുറച്ചുകൂടി മുന്നോട്ട് ചെന്നപ്പോ റോഡില്‍ അധികം സമയമായിട്ടില്ലാത്ത ആനപ്പിണ്ടങ്ങള്‍ കണ്ടു തുടങ്ങി.
എങ്കി പിന്നെ ആനയ്ക്ക് പണിയുണ്ടാക്കണ്ടാ എന്ന് കരുതി, കുറച്ചു നേരം ഞങ്ങള്‍ ബൈക്കിനെ ഒന്ന് തണുക്കാന്‍ അനുവദിച്ചു. സമയം ഒന്നര ആവാറായി. വെയിലിന്റെ പൊടി പോലും ഇപ്പഴും കാണുന്നില്ല, വന്ന വഴിയില്‍ ചില സ്ഥലത്ത് വൈകുന്നേരത്തെ ഇരുട്ടിനു സമാന അന്തരീക്ഷം ആയിരുന്നു.
ഒരു പത്തിരുപത് മിനിറ്റ് കഴിഞ്ഞു വീണ്ടു മുന്നോട്ട് നീങ്ങി.
ഇടത് വശത്തായി ഒരു ആറു കാണുന്നുണ്ട്, അധികം വെള്ളമില്ലാത്ത സമയമായതിനാലാവും പകുതിയിലേറെ മണല്‍ തന്നെയാണ്. എങ്കി പിന്നെ അതിലിറങ്ങി ഒന്ന് ഫ്രെഷ് ആവാം എന്ന് കരുതി.
അധികം ആഴമോന്നുമില്ല, മുട്ടോളം വെള്ളമേ ഉള്ളൂ.അത് കൊണ്ടുതന്നെ കുറച്ചുദൂരം നടക്കാം എന്ന് കരുതി. നല്ല തണുത്ത വെള്ളം, തണുത്ത മണല്‍, ഒരു തവണ ചുവട് വെയ്ക്കുമ്പോഴും കാല്‍ മണലില്‍ സ്വല്‍പ്പം പുതഞ്ഞു പോകുന്നുണ്ട്.

യാത്രയില്‍ അവിടം മുതലാണ്‌ ശലഭങ്ങളെ കണ്ടു തുടങ്ങുന്നത്. ആറിന്റെ കരയില്‍ ഇരുന്നു സൊറ പറയുകയാണെന്ന് തോന്നും അവരെ കണ്ടാല്‍. വട്ടം കൂടിയിരിക്കുന്ന മിന്നാമിന്നി നിറമുള്ള കുറെ ശലഭങ്ങള്‍, അവര്‍ക്കിടയില്‍ എണ്ണത്തില്‍ കുറവുള്ള നീല നിറമുള്ള ശലഭങ്ങളും.അടുത്ത് ചെല്ലാതെ ഒരു ഫോട്ടോ എടുക്കാന്‍ പറ്റില്ല,
പെട്ടെന്നുള്ള യാത്രയായതിനാല്‍ നല്ലൊരു ക്യാമറ എടുക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. എങ്കിലും കയ്യിലുള്ള ഫോണ്‍ ഉപയോഗിച്ച് കൂടെയുണ്ടായിരുന്നവരെല്ലാം അവരെ ക്യാമറയില്‍ പകര്‍ത്തി.
മഴ ചാറി തുടങ്ങിയിരിക്കുന്നു.വെള്ളത്തിലെ കളി മതിയാക്കി എല്ലാവരും ബൈക്കുകള്‍ക്കടുത്തെക്ക്.
കുറച്ചു കൂടി മുന്നിലേക്ക് ചെന്നപ്പോള്‍ തേക്കിന്‍കാടുകള്‍ കണ്ടു.മുന്നില്‍ പോകുന്ന ബൈക്കിന്‍റെ ശബ്ദം കേട്ടാകണം, വശങ്ങളില്‍ എവിടെയൊക്കെയോ ഇരുന്നിരുന്ന ശലഭക്കൂട്ടം അപ്പാടെ റോഡിലേക്ക് പറന്നുയര്‍ന്നു,എണ്ണാന്‍ കഴിയാത്തത്രയുണ്ടായിരുന്നു അവ. സിനിമകളില്‍ നമ്മള്‍ കാണുന്ന ഒരു ഫീല്‍ ആയിരുന്നു അത്, പറന്നുയരുന്ന ശലഭക്കൂട്ടങ്ങളെ വകഞ്ഞുമാറ്റുന്നപോലെ ഞങ്ങള്‍ ബൈക്കുകളില്‍.ഓരോ തവണയും മുഖത്ത് തട്ടും അവരില്‍ ചിലര്‍.

ചെറിയ ഒന്നുരണ്ടു കയറ്റങ്ങള്‍ കയറി ഞങ്ങള്‍ ആള്‍ താമസമുള്ള ഒരു ഭാഗത്തേക്ക് എത്തിപ്പെട്ടു. അവിടെയുള്ള ഫോറസ്റ്റ് ഓഫീസിനുള്ളില്‍ കയറാന്‍ കഴിഞ്ഞു. അവധി ദിവസമായത്തില്‍ ഉദ്യോഗസ്ഥര്‍ ആരുമില്ല, ഒരു കാവല്‍ക്കാരന്‍ ചേട്ടന്‍ മാത്രം. ഒന്ന് രണ്ടു മയിലുകളെ കണ്ടു. ബൈക്കുകളുടെ ശബ്ദം അടുത്തുവരുന്നത്തിനൊപ്പം അവ ഓടിക്കൊണ്ടേയിരിക്കുകയാണ്. നല്ല മൊഞ്ചുള്ളവ.
അല്‍പ്പം നടക്കാം എന്ന് കരുതി. മരങ്ങളുടെ ഇടയില്‍ നിന്നെന്തോ പരിചിതമല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുന്നു. പന്നിക്കൂട്ടമാണ്. അവരില്‍ കുറെയെണ്ണം പെട്ടെന്ന് തന്നെ ഓടി മറഞ്ഞു. ഒരുത്തന്‍ മാത്രം ഒരു കൂസലുമില്ലാതെ ഞങ്ങളെ നോക്കി എന്തൊക്കെയോ ശബ്ദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഞങ്ങളുടെ കൂടെ വന്ന അനീഷിനെ ഇവരില്‍ ഒരുത്തന്‍ ഓടിച്ചതും നല്ല രസത്തോടെയാണ് ഞങ്ങള്‍ കണ്ടു നിന്നത്. ആ ഓട്ടം അവന്‍ ഏതേലും മീറ്റില്‍ ഓടിയിരുന്നതെങ്കില്‍ ഒരു സമ്മാനം ഉറപ്പായിരുന്നു. പോകാനോരുങ്ങിയപ്പോ കാവല്‍ക്കാരന്‍ ചേട്ടന്‍ തമിഴ് ചുവയുള്ള ഭാഷയില്‍ അടുത്തൊരു പാറയുണ്ട്, പ്രത്യേകത ഒന്നുമില്ല , എങ്കിലും ഒന്ന് കയറിയിട്ട് പോകൂ എന്ന് പറഞ്ഞപ്പോള്‍ നിരസിക്കാനായില്ല. കാലിലെ പേശികള്‍ സ്വല്‍പ്പം വലിഞ്ഞു അതിനു മുകളിലേക്ക് കയറിയപ്പോള്‍. അല്‍പ്പസ്വല്‍പ്പം മദ്യപാനം നടക്കുന്ന ഏരിയയാണ്, പൊട്ടിയ കുപ്പിച്ചില്ലുകള്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. വശങ്ങളിലെ കാട്ടിനിടയിലെക്ക് അല്പ്പദൂരം നടന്നിട്ട് പെട്ടെന്ന് തന്നെ ഞങ്ങള്‍ തിരികെ ബൈക്കിനടുത്തെത്തി, ഞങ്ങളെക്കാള്‍ വേഗമാണ് സമയത്തിന്.
അടുത്ത സ്ഥലം കുംഭാവുരുട്ടിയാണ്.വെള്ളമില്ല, കയറിപ്പോകുവാനുള്ള വഴികളെല്ലാം അടച്ചിരിക്കുന്നു. യാത്രകള്‍ക്കിടയില്‍ ചെറിയ കനാലില്‍ സമയം കളയുന്ന ഒട്ടേറെ കുടുംബങ്ങളെ കണ്ടു അവിടെ, കുഞ്ഞു കുട്ടികള്‍ മുതല്‍ നല്ല പ്രായമായവര്‍ വരെയുണ്ട്. ഓര്‍മയില്‍ എന്റെ വീട്ടില്‍ നിന്നും ഇതുപോലെ പോയത് കുട്ടിക്കാലത്തെന്നോ ആയിരുന്നു. അവരുടെ സന്തോഷം കണ്ടപ്പോള്‍ വീട്ടുകാരെയും കൂട്ടി ഇതുപോലെ ഒരു സ്ഥലത്ത് പോണം എന്ന ആഗ്രഹം ഉണ്ടായതില്‍ അതിശയോക്തി ഒന്നും തന്നെയില്ലല്ലോ ?.
കുംഭാവുരുട്ടി ക്യാന്‍സല്‍ ആയതിനാല്‍ അടുത്ത ലക്‌ഷ്യം മണലാര്‍ തന്നെ. അവിടെയും ഇതേ അവസ്ഥ തന്നെ. വഴികളെല്ലാം അടച്ചിരിക്കുന്നു. ഇത്തവണ തോറ്റുകൊടുക്കാന്‍ ഞങ്ങളില്‍ ആരും തന്നെ ഒരുക്കമായിരുന്നില്ല. ആരും അധികം ശ്രദ്ധിക്കാതെ കിടക്കുന്ന സ്ഥലമായിരുന്നതിനാല്‍ പൊളിഞ്ഞു കിടക്കുന്ന വേലികളായിരുന്നു അവ. ഓരോ കമ്പും എടുത്ത് ഞങ്ങള്‍ ആ വഴി ഉള്ളിലേക്ക് കടന്നു. മരങ്ങള്‍ക്ക് മുകളില്‍ നല്ല ബഹളം, കുരങ്ങന്മാരാണ്. വെറുതേ അങ്ങോട്ടും ഇങ്ങോട്ടും കിടന്നു ചാടുന്നു. എന്നിട്ട് ഞങ്ങളോട് പറയുകയാവണം പറ്റുമെങ്കില്‍ നീയൊക്കെ ഇതുപോലെ ചാടിക്കാണിക്കെടാ എന്ന്.
എന്തായാലും ഞങ്ങള്‍ ഉള്ളിലേക്ക് കടന്നപ്പോള്‍ അവരുടെ ബഹളമെല്ലാം അസ്തമിച്ചു. ഒരു ഇല പോലും അനങ്ങുന്നില്ല. സംസാരം കേട്ടിട്ടാവണം. മഴ അധികം ലഭിക്കാത്തതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് പതിവിലും കുറവാണെന്ന് എല്ലാവര്ക്കും മനസ്സിലായി. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെള്ളം. ചുറ്റും ഫോട്ടോ എടുത്ത് തിരിഞ്ഞു നടന്നപ്പോഴാണ് പലരുടെയും കാലുകളില്‍ രക്തം പൊടിയുന്നത് കണ്ടത്. നോക്കിയപ്പോള്‍ എല്ലാ കാലുകളിലും മിനിമം രണ്ടു അട്ടകള്‍ അവരുടെ സ്ഥാനം ഉറപ്പിച്ചിരുന്നു. കയ്യില്‍ തീ ഒന്നുമിലാത്തതിനാല്‍ കമ്പ് കൊണ്ട് തൂത്തെറിയേണ്ടി വന്നു.

കാല്‍ ചവിട്ടുന്നിടത്തെല്ലാം അട്ടകള്‍. അട്ട കടി ഭയന്ന് ഓടുകയായിരുന്നു എന്ന് വേണം പറയാന്‍. കണ്ടതിനെയൊക്കെ എടുത്തുകളഞ്ഞു. ബാക്കി വരുന്നിടത്ത് കാണാം എന്നും പറഞ്ഞു അടുത്ത സ്ഥലത്തേക്ക് യാത്ര. ഇനി മേക്കരയാണ്. ചെങ്കോട്ട ഫോരസ്ടിന്റെ കീഴിലുള്ള സ്ഥലമാണെന്ന് തോന്നുന്നു. തമിഴ്നാടാണ്. കേരള അതിര്‍ത്തി കഴിഞ്ഞപ്പോഴാണ് തമിഴ്നാടിന്റെ സുരക്ഷാ ബോധം മനസ്സിലായത്. എല്ലാ വളവിലും നിങ്ങള്‍ക്ക് സുരക്ഷാവേലികള്‍ കാണാം. കേരളത്തിന്റെ അതിര്‍ത്തിയില്‍ ഞാന്‍ കാണാത്തതും അത് തന്നെയായിരുന്നു.
ഇതുവരെയുള്ള യാത്ര എല്ലാം പച്ചപ്പിന്‍റെ മടിത്തട്ടില്‍ കൂടിയായിരുന്നു. ഇനി അങ്ങനെ തന്നെ ആകുമെന്ന് ഒരു പ്രതീക്ഷയും ഇല്ല ആര്‍ക്കും. തമിഴ്നാടെന്ന വാക്ക് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ തിരുനെല്‍വേലിയിലെ മരുഭൂമികളാണ് ഓര്‍മ വരിക,
‘മേക്കര’ ഞങ്ങളുടെ പ്രതീക്ഷകള്‍ തെറ്റിച്ച സ്ഥലമായിരുന്നു. കൃഷികളും, മലകളും കാടും എല്ലാമുള്‍പ്പെട്ട സ്ഥലമായിരുന്നു അത്. ഭാരതത്തെ അറിയണമെങ്കില്‍ ഗ്രാമങ്ങളിലേക്ക് ചെല്ലണം എന്ന് പറയുന്നത് എത്ര ശരിയാണല്ലേ ?, കുട്ടകള്‍ നെയ്യുന്നവര്‍, കൃഷിക്ക് തൂമ്പ എടുക്കുന്നവര്‍, സ്വന്തമായുണ്ടാക്കിയ കളിപ്പാട്ടങ്ങളില്‍ കളിക്കുന്ന കുട്ടികള്‍. നമ്മുടെ നാട്ടിലെ കുട്ടികള്‍ക്ക് ചൈനീസ് കളിപ്പാട്ടങ്ങള്‍ അല്ലാതെ എന്താണ് അറിയാവുന്നത്?.
മലയിറങ്ങി മേക്കരയിലെക്ക് വന്നപ്പോഴാണ് ഞാന്‍ ആ കാഴ്ച കാണുന്നത്. അങ്ങ് ദൂരെ കുറെ മലകള്‍ക്കിടയില്‍ അവയുടെ പകുതിയോളം മാത്രം ഉയരത്തില്‍ മഞ്ഞുമേഘങ്ങള്‍ !. കൊടൈക്കനാല്‍ നമ്മള്‍ കാണുന്നതിലും എത്രയോ ഇരട്ടി ഭംഗിയാണ് ഈ കാഴ്ച കണ്ടാല്‍ കിട്ടുക എന്നറിയില്ല. ചൂടില്ലാത്ത കാറ്റും, ചുറ്റും കൃഷിഭൂമികളും,അങ്ങ് ദൂരെ കാണുന്ന മേക്കര ഡാമും എല്ലാം ഒരു ചിത്രത്തില്‍ എങ്ങനെ ഉള്‍ക്കൊള്ളിക്കാനാകും, എങ്ങനെ അതിന്റെ ഭംഗി വിവരിക്കാനാകും? ദൈവം ഒരു കലാകാരന്‍ തന്നെ.
മേക്കര കഴിഞ്ഞുള്ളത് നല്ല നീളത്തില്‍ ആരോരുമില്ലാത്തൊരു റോഡാണ്. വണ്ടിയുടെ മാക്സിമം സ്പീഡ് എത്രയാണെന്ന് വേണമെങ്കില്‍ ചെക്ക് ചെയ്യാം.ത്രോട്ടില്‍ ഫുള്‍ കൊടുക്കാന്‍ കഴിഞ്ഞില്ല 100 കഴിഞ്ഞാല്‍ പിന്നെ വണ്ടി കയ്യില്‍ നില്‍ക്കില്ല.കാറ്റ് പിടിക്കുന്നുണ്ട്. പതിയെ വേഗം കുറച്ച് ഞാന്‍ നല്ല കുട്ടിയായി.
ഇലക്ഷന്റെ അടിപിടികള്‍ കണ്ടു റോഡില്‍, പിടിച്ചുമാറ്റാന്‍ അര്‍ദ്ധ സൈനികരും, അല്ലേലും ‘തുപ്പാക്കി പുടിച്ച യൂണിഫോമെല്ലാം പാത്താ ചിന്ന ചിന്ന അടിതടിക്കാര്‍ക്ക് റൊമ്പ പേടി താനേ....’.
ചെങ്കോട്ട മുതല്‍ എസ് വളവ് വരെ നല്ല പ്രകൃതിരമണീയമായ സ്ഥലമാണ്. ഇരുവശത്തും നെല്‍പ്പാടങ്ങള്‍. അധികം വെയിലില്ലാത്ത കാലാവസ്ഥ, തണുത്ത കാറ്റ്. പുതുമഴയുടെ മണം. ചെറിയൊരു ചാറ്റല്‍മഴ. ഒരു സഞ്ചാരിക്ക് ഇതില്‍പ്പരം വേറെന്തുവേണം ?
എസ് വളവിനു പഴയ വളവൊന്നുമില്ല , റോഡ്‌ പുതുക്കി പണിഞ്ഞപ്പോള്‍ ആ വളവൊക്കെ സ്വല്‍പ്പം നൂത്തെടുത്തു. ആര്യങ്കാവിലെ കുഞ്ഞുപാലം പുതുക്കി. ഇനി ബസില്‍ പോകുമ്പോ താഴെവീഴുമോ എന്ന പേടിവേണ്ട. പണ്ട് കോളെജിലേക്ക് പോകുന്ന വഴി എനിക്ക് ഏറ്റവും പേടിയുള്ള ഒരു പാലമായിരുന്നു അത്.
ആര്യങ്കാവില്‍ വെച്ച് ഞങ്ങള്‍ യാത്രികര്‍ക്ക് പ്രിയങ്കരനായ ഒരു ചേട്ടനെ കണ്ടു. എല്ലാ വിധ സഹായങ്ങളും ചെയ്തു കൊടുക്കുന്നത് ചേട്ടനാണത്രേ, പ്രഭാകരന്‍ ചേട്ടന്‍ എന്നാണ് പേരെന്ന് തോന്നുന്നു. കഷ്ടം തന്നെ എന്റെ ഓര്‍മ.
ചേട്ടനോപ്പം അരമണിക്കൂര്‍ ചിലവിട്ടു, അടുത്ത യാത്രയ്ക്കുള്ള എല്ലാ സഹായങ്ങളും ചെയ്തു തരാമെന്ന ഉറപ്പും ഞങ്ങള്‍ക്ക് കിട്ടി. അവിടെ നിന്നുമിറങ്ങിയ ഞങ്ങള്‍ രണ്ടു ഗ്രൂപ്പായി. എന്‍റെയും അനീഷിന്റെയും വീടുകള്‍ തമ്മില്‍ അധികം ദൂരമില്ല. യാത്രക്ക് പോകുന്നവര്‍ക്ക് അല്ലേലും പത്ത് ഇരുപത് കിലോമീറ്റര്‍ ഒരു ദൂരമേ അല്ലല്ലോ ?.
ശ്യാമിനും അനുവിനും ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കേണ്ടതുണ്ട്. അവര്‍ അതിനാല്‍ ആദ്യം യാത്ര തിരിച്ചു.അനീഷിന്റെ കൂട്ടുകാരനെയും കണ്ടു ഞങ്ങള്‍ പതിയെയും.
പുനലൂരിന്റെ അഭിമാനമാണ് പതിമൂന്നു കണ്ണറപ്പാലം. ബ്രോഡ്ഗേജ് മാറ്റത്തിനായി ശക്തി കൂട്ടുകയാണ് ആശാനെയിപ്പോള്‍. പണ്ട് കണ്ണറപ്പാലം എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ വരിക അതിന്‍റെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന കരിങ്കല്ലുകലാണ്. ഇനി പോകുന്നവര്‍ക്ക് ആ ബ്രിട്ടീഷ് കരവിരുത് കാണാനാവില്ല. കാരണം സിമന്റ് ഉപയോഗിച്ച് മാത്രം ശീലമുള്ള പുതു തലമുറ അതിനു ചുറ്റും ഒരു കവചം തീര്ത്തുകൊണ്ടിരിക്കുകയാണ്. ഇനി നമ്മള്‍ക്ക് കാണാന്‍ കഴിയുക കൊച്ചി മെട്രോയിലെ പോലെ കോണ്‍ക്രീറ്റ് തൂണുകള്‍ മാത്രമാകും.
മുകളിലെ തുരങ്കം കാണാന്‍ ഇതുവരെ എനിക്ക് പറ്റിയിട്ടില്ല, എന്തായാലും ഇത്തവണ അത് കണ്ടിട്ടേ പോകുന്നുന്നുള്ളൂ. കണ്ട വഴികളില്‍ക്കൂടിയെല്ലാം അള്ളിപ്പിടിച്ച് മുകളില്‍ എത്തി. തുരങ്കത്തിനു മുന്നില്‍ നല്ല വെള്ളക്കെട്ടുണ്ട്.മഴ നനഞ്ഞവര്‍ക്കെന്ത് വെള്ളക്കെട്ട് ?
തുരങ്കം ഒരു സംഭവം തന്നെ ! , വശങ്ങളില്‍ ഓടയുടെ പണികള്‍ പുരോഗമിക്കുന്നു. എത്ര പ്രായമായാലും തുരങ്കത്തിലും മലമുകളിലും കയറിയാല്‍ കൂവാത്തവര്‍ ചുരുക്കമാണ്. ഞങ്ങളും നല്ല പോലെ കൂവി, സ്കൂളിലെയും കോളേജിലെയും പരിപാടികള്‍ക്ക് കൂവിയ ഓര്‍മ്മകള്‍ അയവിറക്കുകയായിരുന്നവിടെ.

കുറെ ഫോട്ടോസ് എടുത്തു. സമയം ഇരുട്ട് വീണിരിക്കുന്നു, ഇനി വീട്ടിലെത്തണം.തിടുക്കപ്പെട്ട് അവിടുന്നിറങ്ങി. പുനലൂരിലെ അനീഷിന്റെ വീട്ടിലും കയറി എന്റെ വീടെത്തിയപ്പോഴേക്കും സമയം ഒന്‍പത് മണി കഴിഞ്ഞിരുന്നു.ട്രിപ്പ് മീറ്റര്‍ 200 കടന്നിരിക്കുന്നു. ക്ഷീണം ഉണ്ട് , എങ്കിലും എടുത്ത ഫോട്ടോസ് കണ്ടപ്പോള്‍ ആ ക്ഷീണമൊക്കെ എവിടെയോ പോയ പോലെ.
ഇനി വീണ്ടും ഓഫീസ്,വര്‍ക്ക്,റൂം.

പക്ഷെ എന്റെ മനസ്സ് ഇപ്പോഴും തുടിച്ചു കൊണ്ടിരിക്കുന്നു, അടുത്ത ആഴ്ചയിലെ റൈഡ് വിത്ത്‌ ട്രക്കിംഗ് ഓര്‍ക്കുമ്പോള്‍..  

Post a Comment

 
Copyright © 2014 ഇടങ്ങേറുകാരൻ
Powered byBlogger