പിക്കറ്റ് 43 - ഒരു വാണിജ്യ സിനിമയല്ല

പിക്കറ്റ് 43

കാണണമെന്നു പറഞ്ഞപ്പോഴൊക്കെ കണ്ടവർ എതിർത്തു നൂറു രൂപ വെറുതേ പോകുമെന്ന്..
മനസ്സിൽ നിറയെ സിനിമയുടെ തീം ആയിരുന്നു,

അതിർത്തിയിൽ ഒരു പട്ടാളക്കാരൻ ഒറ്റക്ക്, അതൊരു വ്യത്യസ്തമായ അനുഭവം ആയിരിക്കുമെന്നു കരുതി. ഒറ്റക്ക് ഒരു മലമുകളിൽ കഴിയുമ്പോൾ അയാളുടെ മനസ്സിൽ കടന്നു വരാവുന്ന ചിന്തകൾ, മരവിച്ച മനസ്സുമായി കഴിയേണ്ടിവരുന്ന രാത്രികൾ, ആരോടും സംസാരിക്കാൻ കഴിയാതെ വരണ്ടുണങ്ങിയ വാക്കുകൾ, ഇതെല്ലാം എങ്ങിനെയായിരിക്കുമെന്ന് അറിയാൻ ഒരു കൊതി,

മേജർ രവിയുടെ മറ്റു സിനിമകളെപ്പോലെ എനിക്ക് ഈ സിനിമ തോന്നിയില്ല, അഭിനേതാക്കൾ വളരെ കുറവ്,കൂടുതൽ സമയവും നായകനും പാകിസ്താൻ ബങ്കറിലെ സൈനികനും തമ്മിലുള്ള സംഭാഷണങ്ങളും രസകരങ്ങളായ സീനുകൾ കോർത്തിണക്കിയ ഒരു ഗാനവും,

ഭാരതത്തിന്റെ ദൃശ്യ ഭംഗിക്ക് ഒരു കുറവും വരാതെ ചലിപ്പിച്ച ക്യാമറയായിരുന്നു പിക്കറ്റ് 43 യിലേത്. വാഗാ അതിർത്തിയിലെ ഫ്ലാഗ് പോസ്റ്റ് രംഗം ഏവരുടെയും മനസ്സിനെ ത്രസിപ്പിക്കുമെന്നു തീർച്ച, ഏറ്റവും കൂടുതൽ ഉയരത്തിൽ കാലുകളുയർത്തി സല്യൂട്ട് ചെയ്യുന്നതിൽ പാകിസ്താൻ പട്ടാളത്തെ തോൽപ്പിച്ചത് ഒരു മലയാളിയാണെന്ന വാർത്ത എന്നോ ഞാൻ കേട്ടതായി ഓർക്കുന്നു.

മനസ്സിൽ ആർമിയോട് പ്രത്യേകമായൊരിഷ്ടം കുട്ടിക്കാലം മുതൽക്ക് തന്നെ വളർന്നു വന്നിരുന്നതിനാലാവണം മറ്റുള്ളവർ   പറയുന്ന പിന്തിരിപ്പൻ വാക്കുകൾക്ക് ചെവി നൽകാതെ എനിക്ക് ഈ സിനിമ പൂർണമായും ഉൾക്കൊള്ളാൻ കഴിഞ്ഞത്.

രണ്ടു ദിവസം പോലും ആരോടും സംസാരിക്കാതെ ആരെയും കാണാതെ ഒരു മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ നമുക്കിരിക്കുവാൻ കഴിയുമോ ? തീർച്ചയായും ഇല്ല. അപ്പോൾ അതിർത്തിയിൽ എപ്പോഴും സീസ് ഫയർ റെഗുലേഷൻ തെറ്റിക്കുന്ന ഒരു പിക്കറ്റിൽ ഒരു ജവാൻ നാടുമായും ബേസ് ക്യാമ്പുമായുമുള്ള ബന്ധം ഇല്ലാതെ 6 മാസം കഴിയുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ ?

സിനിമയിൽ പറയുന്നു, ആഴ്ചതോറും ഡ്രോപ് ചെയ്യുന്ന ഭക്ഷണപ്പൊതി അടുത്ത ആഴ്ച വന്നപ്പോൾ പോലും എടുത്തിട്ടില്ലെന്നു കാണുമ്പോഴാണു ആ ജവാനെപ്പറ്റി തിരക്കുന്നത് പോലും , അതിർത്തിയിൽ തലയറുക്കപ്പെട്ട് പുഴുവരിച്ച ഒരു ജഡം ഒരാഴ്ച്ച കിടക്കുന്നത് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ ?
ഇത്തരത്തിലുള്ള സിനിമകൾ ആസ്വദിക്കാൻ നമുക്ക് ഒരു പ്രത്യേക മാനസികാവസ്ഥ അത്യാവശ്യമാണു.
സിനിമയിലെ കഥാപാത്രത്തിന്റെ മാനസികാവസ്ഥ ഉൾക്കൊള്ളാൻ കൊമേഴ്സ്യൽ സിനിമകൾ ഇഷ്ടപ്പെടുന്ന ജനതയ്ക്ക്  കഴിഞ്ഞു എന്നു വരില്ല, .

നമ്മൾ ശത്രുക്കൾ എന്ന് കരുതുന്നവരിലും നമ്മളോട് സ്നേഹം തോന്നാൻ ഇടയില്ലേ ? നമ്മുടെ നാടിന്റെ ഒരു മകൾ പാകിസ്ഥാനികളുടെ മരുമകൾ ആയിട്ട് അധിക വർഷങ്ങൾ ആയിട്ടില്ല എന്നും വിമർശകർ ഓർക്കണം.

പിക്കെ എന്ന സിനിമയിൽ പറയുന്നുണ്ട് അവൻ ഒരു മുസൽമാനായതുകൊണ്ടും അതിലുപരി ഒരു പാകിസ്ഥാനിയായതു കൊണ്ടും അവൻ നിന്നെ ചതിക്കുമെന്ന് എങ്ങനെ നീ കരുതി എന്ന്.

പിക്കറ്റ് 43 യിൽ ജാവേദ് ജാഫ്രി( എതിർ ബങ്കിലെ പാകിസ്ഥാൻ പട്ടാളക്കാരൻ ) പറയുന്നുണ്ട്, ഒരു യഥാർഥ മുസൽമാൻ ഒരിക്കലും ലോകത്തിന്റെ സമാധാനം നശിപ്പിക്കില്ല എന്ന്, കൂടാതെ പറയുന്നു തനിക്ക് ജീവനുള്ളിടത്തോളം കാലം തന്റെ മുന്നിൽക്കൂടി ഒരു നുഴഞ്ഞു തീവ്രവാദി പോലും നുഴഞ്ഞു കയറില്ല എന്ന്,

ഇതിനിടയിൽ മറ്റൊരു സീൻ ഓർമവരുന്നു, നായകൻ ഭാരതത്തെക്കുറിച്ച് വാചാലനായി പാകിസ്ഥാനെ കുറ്റപ്പെടുത്തിത്തുടങ്ങുമ്പോൾ സിനിമയിൽ അങ്ങോളമിങ്ങോളം കാണുന്ന ജാവേദ് അല്ല ആ നിമിഷം,എന്നിട്ട് പറയുന്നു നിനക്ക് നിന്റെ രാജ്യം എത്ര പ്രിയപ്പെട്ടതാണോ അത്രയും തന്നെ എനിക്ക് എന്റെ രാജ്യത്തോടും കൂറൂണ്ട് എന്ന്,

വൈകാരികമായ അനേകം നിമിഷങ്ങൾ ആ സിനിമയിൽ ഉണ്ട്, പട്ടാളക്കാരനായതു കൊണ്ട് തനിക്ക് നഷ്ടപ്പെട്ട പ്രണയം, അമ്മയുടെ മരണവാർത്ത അറിയാതെ പോകുന്നത് എന്നിവ ഒരു പട്ടാളക്കാരൻ എന്തെല്ലാം ത്യജിക്കേണ്ടി വരും എന്നതിന്റെ സൂചനകൾ മാത്രമാണു നമുക്ക് തരുന്നത്, അനുഭവിക്കാതെ ഒരിക്കലും നമുക്കതിന്റെ വ്യാപ്തി മനസിലാവുകയില്ല,

വളരെപ്പെട്ടെന്നു തന്നെ കൂട്ടുകാരാവുന്ന അവർ തമ്മിൽ പരസ്പരം വീട്ടു വിശേഷങ്ങളും നാടിനെക്കുറിച്ചുമെല്ലാം വാചാലമാകുന്നത് നമ്മൾ കൊതിയോടെ കേട്ടിരിക്കുന്ന നിമിഷങ്ങളാണു.

എല്ലാവരും പറയുന്നു നല്ലൊരു തീം ആയിരുന്നിട്ട് കൂടി അതിനെ നന്നായി തിരയിലെത്തിക്കാൻ കഴിഞ്ഞില്ല എന്ന്,അല്ല ഏതു സിനിമയുണ്ട് എല്ലാ കുറവുകളും നികത്തി തിരയിലെത്തുന്നത് ?

നമ്മളിൽ 10 പേരിൽ ഒരാളെങ്കിലും കുറ്റം പറയാത്ത ഒരു സിനിമയെങ്കിലും നമ്മുടെനാട്ടിൽ ഇറങ്ങിയിട്ടൂണ്ടോ ?
എല്ലാ സിനിമകളും എല്ലാവരുടേയും ഇഷ്ടങ്ങൾ ഉൾക്കുന്നവയാവണം എന്നില്ലല്ലോ ?.
കുറ്റങ്ങൾ കണ്ടു പിടിക്കുവാനാണെങ്കിൽ സിനിമകഴിഞ്ഞു 10 പേരുടെകൂടെ ഒരഞ്ചു മിനിറ്റ് ചിലവഴിച്ചാൽ മതിയാകും,

രാജ്യസ്നേഹവും,ഒരു പട്ടാളക്കാരന്റെ മാനസികാവസ്ഥയും മാത്രം മനസ്സിൽ കണ്ടുകൊണ്ട് നിങ്ങൾ ഈ ചിത്രം കാണൂ...
എനിക്കുറപ്പുണ്ട് നിങ്ങൾക്ക് ഈ ചിത്രം ഇഷ്ടമാകും,

ഉള്ളതു പറഞ്ഞാൽ അവസാന നിമിഷങ്ങളിലെ രംഗങ്ങളാൽ എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊടിഞ്ഞിരുന്നു.

ഒന്നുകിൽ ഒറ്റക്ക് പോകുക അല്ലെങ്കിൽ സമാന ചിന്താഗതിക്കാരൊപ്പം പോകുക.

ടെക്നിക്കലായി ഞാൻ ഒന്നിലേക്കും കടക്കുന്നില്ല, സുന്ദരമായ ആ തീം മാത്രമാണ് എന്റെ മനസ്സു നിറയെ...

എന്റെ റേറ്റിംഗ്  7.8/10

Comments