മാറ്റങ്ങള്‍ കണ്ടുതുടങ്ങി: വാട്ട്സ് ആപ്പിന് ചില പ്രശ്നങ്ങള്‍

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ലോകത്തിലെ ഒന്നാംസ്ഥാനക്കാരായ മൊബൈല്‍ മെസേജിംഗ് സര്‍വീസ് വാട്സ്ആപ്പിന് മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന വാട്ട്സ് ആപ്പില്‍ 'ലാസ്റ്റ് സീന്‍ അറ്റ്' എന്ന ഫീച്ചര്‍ അപ്രത്യക്ഷമായി. ഇതിനെക്കുറിച്ച് വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല. വാട്ട്സ് ആപ്പില്‍ ഒരാള്‍ സജീവമാണോ എന്ന് അയാളുടെ സുഹൃത്തിന് മനസ്സിലാക്കാന്‍ സാധിക്കുന്ന ഫീച്ചറായിരുന്നു അത്.

അതേ സമയം വാട്ട്സ് ആപ്പ് പണിമുടക്കിയതായി ചില റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. വാട്ട്സ്ആപ്പ് തുറക്കുമ്പോള്‍ സര്‍വറുമായി കണക്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് പരാതി. തുടര്‍ന്ന് ഉപയോക്താക്കള്‍ സന്ദേശങ്ങള്‍ കൈമാറുവാന്‍ സാധിക്കുന്നില്ല ഇതും ആന്‍ഡ്രോയ്ഡിലാണ് കാണുന്നത്. ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും അവ എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള തീവ്രശ്രമങ്ങളിലാണെന്നും കമ്പനി അധികൃതര്‍ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

തങ്ങള്‍ക്ക് സാങ്കേതികമായി ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു എന്ന വാട്ട്സ് ആപ്പിന്‍റെ ട്വീറ്റ് 25,000 തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്. ഏറ്റെടുക്കാല്‍ ആഘോഷിക്കാന്‍ പോയതിനാല്‍ വാട്ട്സ് ആപ്പ് ഓഫീസ് പൂട്ടിയതാണ് ഈ ബ്ലാക്ക് ഔട്ടിന് പിന്നില്‍ എന്നാണ് ചില രസികര്‍ റീട്വീറ്റ് ചെയ്തിരിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഫേസ്ബുക് വാട്ട്സ്ആപ്പിനെ ഏറ്റെടുത്തത്. 19 ബില്യന്‍ ഡോളറിനാണ് വാട്ട്സ്ആപ്പിനെ ഫേസ്ബുക് ഏറ്റെടുത്തത്.



Comments

Post a Comment