കലപ്പ - ജീവിതത്തിലെ മറക്കാനാവാത്ത ഒരേട്‌

കഥയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത് ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് .

പഠിച്ച സ്കൂള്‍ എന്ന് പറയുമ്പോള്‍ എന്റെ കുടുംബവുമായി നല്ല ബന്ധമുള്ള ഒന്നാണ്. എന്റെ വാപ്പ പഠിച്ചതും ഇത്ത പഠിച്ചതും ഞാന്‍ പഠിച്ചതും ഇതേ സ്കൂളിലാണ്. പഴക്കം ചെന്ന ഒരു സര്‍ക്കാര്‍ സ്കൂള്‍. ഗവന്മേന്റ്റ്‌ എല്‍ പി സ്കൂള്‍ ഇടമുളയ്ക്കല്‍ .


കുട്ടിക്കാലത്ത്‌ വീട്ടില്‍ ദൂരദര്‍ശന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ . ആ സമയങ്ങളില്‍ ദൂരദര്‍ശന്‍ ചാനലില്‍ രാമായണം,മഹാഭാരതം,ജയ് ഹനുമാന്‍,ജയ് ഗംഗാ മയ്യ, തുടങ്ങീ പുരാണ സീരിയലുകളുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു. കൂടാതെ നമ്മുടെ ശക്തിമാനും,

സ്കൂളില്‍ ചെല്ലുമ്പോള്‍ പറയാന്‍ ഈ കാര്യങ്ങള്‍ മാത്രമേ ഉണ്ടാകാറുള്ളൂ.ഇന്നത്തെപ്പോലെ കുങ്കുമപ്പൂവ് അന്നില്ലല്ലോ ?.

 അളിയാ ഇന്ന് രാമന്‍ സീതയെ കാണാന്‍ പോയി, ഹനുമാന്‍ ഒരു കടലൊക്കെ പറന്നു ചാടി, എന്നൊക്കെ പറഞ്ഞുള്ള ചര്‍ച്ചകള്‍ ഞങ്ങള്‍ക്കൊരു വീക്ക്നെസ്സ് ആയിരുന്നു.


 പുരാണ കഥാപാത്രങ്ങളോട് വളരെ ആരാധന തോന്നുന്ന സമയമായിരുന്നു ആ കാലഘട്ടം .

സ്കൂളില്‍ സാധാരണ കള്ളനും പോലീസും ,സാറ്റ് , രാജാവും മന്ത്രിയും എന്നിട്ടും സമയം ബാക്കിയുണ്ടെങ്കില്‍ ,അടുത്ത വീട്ടിലെ മതിലില്‍ വലിഞ്ഞു കേറുക, നാറ്റപ്പൂചെടിയും ഓലയ്ക്കാലും ചേര്‍ത്ത്‌ ചവച്ചരച്ച് മുറുക്കാന്‍ തീറ്റി  ഇതൊക്കെയായിരുന്നു പതിവ്‌ .


ഒരു ദിവസം ഞങ്ങള്‍ എല്ലാരും കൂടി ഒരു പ്ലാന്‍ ഇട്ടു ഇന്ന് പുരാണം കളിക്കാം,

എല്ലാര്‍ക്കും സമ്മതം. എല്ലാര്‍ക്കും അങ്ങുമിങ്ങും ഒക്കെയുള്ള പുരാണമൊക്കെ അറിയാം.

ഓരോ രണ്ടു പിരീയഡ് കഴിയുമ്പോഴും ഒരു ഇന്റെര്വല്‍ പതിവാണ്. ഈ സമയത്ത്‌ ഞങ്ങള്‍ രാമായണം കളിക്കാനുള്ള പ്ലാന്‍ ഉണ്ടാക്കാന്‍ തുടങ്ങി. പുതിയൊരു കളിയാണെന്നറിഞ്ഞു അപ്പുറത്തെ ഡിവിഷനുകളില്‍ നിന്നുപോലും പിള്ളേരെത്തി . ആളെണ്ണം കൂടിയപ്പോള്‍ കഥാപാത്രങ്ങളുടെ എണ്ണം തികയുന്നില്ല. ഒടുവില്‍ എല്ലാരും കൂടി ഒരു തീരുമാനത്തിലെത്തി ,നമ്മള്‍ രാമായണവും,മഹാഭാരതവും,ജയ്‌ ഹനുമാനും,എന്നുവേണ്ട എല്ലാ അറിയാവുന്ന പുരാണ കഥയിലെ ആളുകളെയും  വെച്ച് കളിക്കുന്നു, എന്തേ ?

ആര്‍ക്കും എതിര്‍പ്പില്ല.

ഞങ്ങള്‍ എണ്ണി ,ശീരാമന്‍,ലക്ഷ്മണന്‍,ഹനുമാന്‍,കര്‍ണന്‍,ജാംബവാന്‍,കൃഷ്ണന്‍,വിഷ്ണു,ബലരാമന്‍,.. അങ്ങിനെ പുരാണ ഭേദമന്യേ ഞങ്ങള്‍ക്ക്‌ ഒരുപാട് കഥാപാത്രങ്ങളെ കിട്ടി.

കളിക്കാനുള്ള സമയം ഉച്ചയ്ക്ക്, അതിനു മുന്‍പ്‌ ആളുകള്‍ അവരവര്‍ക്ക് ഇഷ്ടപ്പെട്ട ആളുകളുടെ ആയുധങ്ങള്‍ കണ്ടെത്തണം. പുരാണ പുരുഷന്മാര്‍ക്ക്‌ അവരുടെതായ ഒരു ഐഡന്റിറ്റി ഉണ്ടല്ലോ,ആയുധങ്ങളില്‍ ? അതും ഇന്റര്‍വെല്‍  ടൈമില്‍ തന്നെ.. കേട്ടപാടെ ചുറ്റും നിന്നവരെല്ലാം നാലുപാടും ഓടി.എല്ലാര്‍ക്കും ശ്രീരാമന്‍ ആകുന്നതിലായിരുന്നു താല്‍പ്പര്യം , അതിനു അമ്പും വില്ലും വേണം, ഉടനേ ഒരു വിളി കേട്ടു , എനിക്ക് അമ്പും വില്ലും കിട്ടി ,ഞാന്‍ രാമന്‍ എന്ന്.

സ്കൂളിന്റെ പിറകുവശത്തുള്ള ഒരു ചെമ്പരത്തി ആരോ ഒടിച്ചിരിക്കുന്നു.അത് വളച്ച് ഒരു പാപ്പറ വള്ളി കൊണ്ട് കെട്ടിയപ്പോ വില്ലായി!, കഞ്ഞിപ്പുരയുടെ പിറകിലുള്ള ചൂലില്‍ നിന്നും പത്തിരുപതെണ്ണം ഊരിയെടുത്തപ്പോള്‍ അത് അമ്പായി!, തെങ്ങില്‍ നിന്ന് വീണ കേടുവന്ന തേങ്ങയില്‍ ഒരു കമ്പ് അടിച്ചു കേറ്റിയപ്പോള്‍ അത് ഗദയായി !, കുറെ വള്ളി പറിച്ച് കഴുത്തിലും കെട്ടി  ഒരു വടിയെടുത്ത് കയ്യിലും പിടിച്ചപ്പോ ശിവന്‍ റെഡി !

എത്ര പെട്ടെന്നാണ് പുരാണ പുരുഷന്മാര്‍ ഞങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് ?.


അതിശയം തോന്നിയെങ്കിലും അതിശയിച്ച് നില്‍ക്കാന്‍ എനിക്ക് സമയമില്ലായിരുന്നു, ആയുധം ,ആയുധം, ആയുധം. ഇത് മാത്രമായിരുന്നു എന്ടെ മനസ്സില്‍.


ഇന്റെര്വല്‍ തീരാരായപ്പോഴും എനിക്ക് ഒന്നും കണ്ടെത്താനായില്ല.അതിനിടയില്‍ തന്നെ ഒരുമാതിരിപ്പെട്ട എല്ലാ കഥാപാത്രങ്ങളെയും ആളുകള്‍ കൊണ്ട് പോയിരുന്നു.ഇന്റെര്വല്‍ തീര്ന്നപോള്‍ ബെല്ലടിച്ചു ,ഞാനും ഒന്ന് രണ്ടു ചങ്ങായിമാരും ഒന്നും കിട്ടാണ്ട് അങ്ങനെ ഇളിഭ്യരായി നില്‍ക്കുകയായിരുന്നു.പെട്ടെന്നൊരു  മൂത്രശങ്ക ,

ബെല്ലടിക്കുമ്പോള്‍ ഒരു വിമ്മിട്ടം എല്ലാര്‍ക്കും പതിവുള്ളതാ, വേറൊന്നും കൊണ്ടല്ല, ഈ കാര്യം പറഞ്ഞാല്‍ ക്ലാസില്‍ കേറാന്‍ നേരം ഒരഞ്ചു മിനിറ്റ് ഇളവ് കിട്ടും, അടിയും കിട്ടില്ല . അത് തന്നെ..


അടുത്തുള്ള പുളിമരത്തിന്റെ ചുവട്ടിലങ്ങനെ ശങ്കയങ്ങനെ തീര്തോണ്ട് നിന്നപ്പോഴാണ് തികച്ചും യാദൃച്ഛികമായി വലിയ വേര് കിടക്കുന്നത് കണ്ടത്‌, ഉണങ്ങിയ ഒരെണ്ണം ,

ശങ്ക തീര്‍ത്ത് ഞാനാ വേരോന്നെടുത്ത് നോക്കി ,കാണുന്നപോലെ വെയിറ്റൊന്നുമില്ല .

നോക്കിയപ്പോള്‍ എന്റെ കഴുത്തോളം വരും അതിന്റെ പൊക്കം ,അതിനൊത്ത കനവും,ഞാനത് തോളിലോന്നെടുത്ത് വെച്ച് നോക്കി, കൊള്ളാമലോ സംഗതി, വേരാണേലും കണ്ടാല്‍ ഒരു ‘കലപ്പ’  പോലെയോക്കെയുണ്ട്, പിന്നെയോന്നുമാലോചിച്ചില്ല ഞാന്‍ തന്നെ ബലരാമന്‍, അങ്ങനെ ഞാന്‍  ബലരാമന്റെ കലപ്പ ഒരിടത്ത്‌ ഒളിപ്പിച്ച് വെച്ച് ക്ലാസിലെക്കോടി,


സമയം ഉച്ച.


 വീട്ടില്‍ നിന്നും കൊണ്ടുവന്ന ചോറും കറികളും ചുറ്റുപാടുമുള്ള കാക്കകള്‍ക്ക് വീതിച്ച് നല്‍കിക്കൊണ്ട് ഞങ്ങളുടെ പുരാണ കഥാപാത്രങ്ങള്‍ ഓരോന്നായി പുറത്തിറങ്ങി, ചുമ്മാ അങ്ങിറങ്ങിയാലെങ്ങനാ ?, എന്തേലും ഒരു കാര്യം വേണ്ടേ?

ശരി ,സീതയെ അന്വേഷിച്ച് കളയാം,അല്ലാ പിന്നെ .

അങ്ങനെ,

രാമനും,ലക്ഷ്മണനും,കൃഷ്ണനും,വിഷ്ണുവും,ഹനുമാനും,ശിവനും,ബലരാമനും,എന്തിനേറെപ്പറയുന്നു അര്‍ജുനന്‍ മുതല്‍ പുള്ളിക്കാരന്റെ മോന്‍ അഭിമന്യു വരെ സീതയെ തേടിയിറങ്ങി.

രണ്ടുമൂന്നു വട്ടം ഞങ്ങള്‍  സ്കൂളിന്റെ എല്ലാ മൂലയിലും പോയി തിരിച്ചു വന്നു, വെറുതെ നടന്നു പോകുകയല്ല, പോകുന്ന വഴിക്കെല്ലാം സീതേ.. സീതേ എന്ന് വിളിക്കുന്നുമുണ്ട് .ഇടയ്ക്കിടെ ആക്ക്രോശങ്ങളും!. മൊത്തത്തില്‍ ഒരു യുദ്ധഭൂമി പോലെ.

ഫുഡ്‌ കഴിച്ച് കൈ കഴുകാന്‍ നില്‍ക്കുന്ന ടീച്ചര്‍മാര്‍ അങ്ങനെ അന്തം വിട്ടു ഞങ്ങളെത്തന്നെ നോക്കി നില്‍ക്കുകയാണ്,.കുറച്ചു കൂടി മുന്നിലോട്ട് ചെന്നപ്പോ അതാ കുറെ സീനിയര്‍ ചേട്ടന്മാര്‍ ,സീനിയേര്സ്  എന്ന് പറഞ്ഞാല്‍ പോര അഞ്ചാം ക്ലാസില്‍ പഠിക്കുന ഭീകരന്മാര്‍ !.

അവര്‍ക്ക്‌ ഞങ്ങളുടെപുരാണം അത്ര പിടിച്ചില്ല എന്ന് തോന്നുന്നു, അവരൊരു നാലഞ്ചു പേര് കാണും, ഫുള്ള് കലിപ്പ് ടീമുകള്‍. ഞങ്ങള്‍ക്കാണേല്‍ സീതയെ കണ്ടു പിടിക്കാന്‍ മുട്ടി നില്‍ക്കുവാ, അപ്പഴാണ് ഏമാന്മാരുടെ വഴിതടയല്‍ സമരം. കൂട്ടത്തില്‍ ഒരുത്തന്‍ മുന്നോട്ട് വന്നു, ഞങ്ങളുടെ ഹനുമാന്റെ തേങ്ങാ ഗദ പിടിച്ച് വാങ്ങി അതിനെ രണ്ടു പീസാക്കി അടുത്തുള്ള റോഡിലെക്കെറിഞ്ഞു , ഹനുമാന് ഭയങ്കര വിഷമം, അത് കണ്ടപ്പോ ഞങ്ങള്‍ക്കും വിഷമം. പിന്നെ എവിടെ നിന്നോ വന്ന   ഒരു ആക്രോശമായിരുന്നു കൊല്ലെടാന്നു,

ആരാ വിളിച്ചത് എന്നെനിക്കൊര്‍മയില്ല, പക്ഷെ

ആ വിളി കേട്ട് ആദ്യം വികാരം ഉള്‍ക്കൊണ്ടത് എന്‍റെ കൈകളായിരുന്നു !

“എന്റെ ഹനുമാന്റെ ഗദ നീ ഒടിക്കുമല്ലേടാ ?”


എന്ന് പറഞ്ഞു ബലരാമനെന്ന ഞാന്‍, ‘വേരാകുന്ന’  എന്റെ കലപ്പ കൊണ്ട് ഗദയോടിച്ച ശത്രുവിന്റെ തല നോക്കി ഒറ്റയടി !!


പിന്നെ അവിടെ എന്താ നടന്നത് എന്നോരോര്‍മയില്ല, എന്റെയും ചുറ്റും നിന്നവരുടെയും പുറത്തൊക്കെ ചോരത്തുള്ളികള്‍ , നിലവിളിയും കരച്ചിലും ,ആര്‍ക്കും എന്താ ചെയ്യേണ്ടത്‌ എന്നൊരു പിടിയുമില്ല.സീതയെ അന്വേഷിച്ചിറങ്ങിയ ഞങ്ങളും , ഞങ്ങളെ തടയാന്‍ വന്ന രാക്ഷസരും പല വഴിക്കോടി, അടികൊണ്ട രാക്ഷസന്‍ തലപൊട്ടി അവിടെ കിടന്നു പുളയുന്നു,


ഞങ്ങളോടി ക്ലാസില്‍ വന്നു, എല്ലാ പുരാണ കഥാപാത്രങ്ങളും എന്റെ ചുറ്റിനും കൂടി,

“ഡാ അവനിപ്പോ ചാവും, നിന്നെ പോലീസ് പിടിക്കും നീയെങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടോ , അല്ലെങ്കില്‍ നിന്നെ...”

അതിനിടയില്‍ ഏതോ ഒരുത്തന്‍

 “ ഞാനപ്പഴേ പറഞ്ഞതാ കള്ളനും പോലീസ് ഉം കളിച്ചാല്‍ മതി എന്ന്. കേട്ടില്ല ,ഇപ്പൊ എന്തായി ? “

പുരാണമെന്തായാലും സീരിയസായി , ഇനി ഇവിടെ നിന്നാല്‍ സീന്‍ വഷളാകുമെന്ന് എനിക്ക് മനസ്സിലായി. പിന്നെ ഒന്നും ആലോചിച്ചില്ല, ഒളിച്ചോടുക തന്നെ,

പക്ഷെ എങ്ങോട്ട് ?

അന്നുവരെ കണ്ട എല്ലാ സുരേഷ്ഗോപി ,മോഹന്‍ലാല്‍ സിനിമകളും എന്റെ കണ്മുന്നിലൂടെ ഓടിപ്പോകുന്നപോലെ ,

ഒടുവില്‍ ഒരേ ഒരുത്തരം , വീട് , അതേ , വീട്ടിലെക്കൊക്കൊരു ഒളിച്ചോട്ടം !


പിന്നോന്നുമാലോചിച്ചില്ല ,ബാഗെടുത്തു,ഒറ്റയോട്ടം , വണ്ടി നിന്നത് വീടിന്റെ മുന്നില്‍, വീട്ടില്‍ കയറാതെ ആരും കാണാതെ കുളിമുറിയില്‍ ഷര്‍ട്ട് വെള്ളത്തില്‍ മുക്കി വെച്ച് കൊണ്ട് നിന്നപ്പോഴാണ് ഉമ്മ കാണുന്നത്, എന്താടാ ? എന്താ ഈ സമയത്ത്‌?

ഠിം ..

എന്ത് പറയണം എന്നറിയില്ല , പക്ഷെ എന്റെ മനസ്സില്‍ ഞാനൊരു വീര നായകനായിരുന്നു, വില്ലനെ കൊന്ന നായകന്‍.

അപ്പൊ ചില കള്ളങ്ങളൊക്കെ പറയുന്നതില്‍ ഒരു തെറ്റുമില്ല. ഞാന്‍ ഉമ്മയോട് പറഞ്ഞു ,

 “നല്ല തല വേദന , അതാ പെട്ടെന്ന് വന്നത്.”


 വളരെ പെട്ടെന്നായിരുന്നു എന്റെ ഭാവം മാറിയത്‌ , എവിടെ നിന്നോ വന്ന ഒരു തലവേദന! കണ്ണുകളൊക്കെ അങ്ങ് തളരുന്ന പോലെ മുഖത്തൊരു വാട്ടം, എന്റെ പെട്ടെന്നുള്ള മാറ്റം ഉമ്മ ശ്രദ്ധിച്ച് കാണും, എങ്കി നീ പോയി കിടന്നോ.. ഞാന്‍ ഒരു കാപ്പി ഇട്ടോണ്ട് വരാം,

ഉമ്മയ്ക്ക് മനസ്സിലായി എന്തോ കള്ളത്തരം ഉണ്ടെന്നു, പക്ഷെ എന്നോടൊന്നും ചോദിച്ചില്ല. അത്രമാത്രം.

അങ്ങനെ ഞാന്‍ അവിടെ നിന്നും രക്ഷപെട്ട് കട്ടിലില്‍ അങ്ങനെ സന്തോഷത്തോടെയും പേടിയോടെയും കിടക്കുകയാണ്, സന്തോഷം ആരും ഒന്നുമറിഞ്ഞില്ല എന്നത് , പേടി നാളെയെങ്ങനെ സ്കൂളില്‍ ചെല്ലും എന്നത്  , കുറെ നേരം അങ്ങനെ കിടന്നു കാണും, പിന്നെ അങ്ങ് ഉറങ്ങി . പെട്ടെന്ന് ആരുടെയോ സംസാരം കേട്ടാണ് ഞാനുനര്‍ന്നത്‌ .

നോക്കിയപ്പോ സ്കൂളിലെ സീനിയര്‍ ഗുണ്ടകള്‍ !!

എന്റെ ഉമ്മയോടും വാപ്പായോടും എന്തൊക്കെയോ സംസാരിക്കുന്നു , ഞാന്‍ പതിയെ ജന്നലിന്റെ മറവില്‍ നിന്നും എല്ലാം കേള്‍ക്കുകയായിരുന്നു.

ഭാഗ്യം , ഞാന്‍ കൊലപാതകിയായില്ല ! ,

ശത്രുവിനെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തത്രേ.. എന്നെ അവിടെങ്ങും കാണാഞ്ഞപ്പോള്‍ ഹെഡ്മാസ്റ്റര്‍ പറഞ്ഞു വിട്ടതാണത്രേ.. കുറെ നേരം അവരങ്ങനെ സംസാരിച്ച് നിന്നു. എന്നിട്ട് തിരിച്ച് പോയി,

സംഭവം എല്ലാം ഒതുങ്ങി,പക്ഷെ ഇനിയാണ് ഞാന്‍ പേടിക്കേണ്ടത്,

ഒരു ചെമ്പരത്തി കമ്പ് വീടിന്റെ പട്ടിയലില്‍ അഥവാ കഴുക്കോലില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. എന്റെ അടുത്ത ശത്രു, ഞാന്‍ അത് എടുത്ത്‌ ഓടിച്ചു കളയും എന്നറിയാവുന്നത് കൊണ്ടാണ് എനിക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത , എന്നാല്‍ എനിക്ക് കാണുവാന്‍ കഴിയുന്ന സ്ഥലത്ത്‌ തന്നെ  വെച്ചിരിക്കുന്നത്.

ഇപ്രാവശ്യം നൂറു ശതമാനം പണി പാളും എന്നറിയാവുന്നത് കൊണ്ട്. വീട്ടിലെ തടി സ്റ്റൂള്‍ ശബ്ദമുണ്ടാക്കാതെ എടുത്തു കൊണ്ട് വന്നു , അതില്‍ ചവിട്ടി മേശമേല്‍ കയറി, പതിയെ കമ്പ് വലിച്ചെടുത്തു.

കമ്പ് കയ്യില്‍ കിട്ടിയതും ഞാന്‍ താഴെയിറങ്ങി,റൂമിലെക്കോടി ,എത്ര ശ്രമിച്ചിട്ടും എനിക്കത് ഓടിക്കാന്‍ കഴിഞ്ഞില്ല, നല്ല വള വളാന്നിരിക്കുന്ന കമ്പ്, ഒടുവില്‍ ഒന്നും നടക്കില്ല എന്ന് കണ്ടപ്പോ പതിയെ കട്ടിലിനടിയിലേക്കെറിഞ്ഞു.

എന്നിട്ട് വീണ്ടും പഴയപോലെ കട്ടിലിന്മേല്‍ കയറിക്കിടന്നു.

രാത്രിവരെ നോ പോബ്ലം. ഒരു എട്ട് എട്ടര എട്ടേ മുക്കാലോക്കെ ആയപ്പോള്‍ ചോറ് കഴിക്കാന്‍ വിളിച്ചു, തലവേദനയുല്ലയാലെങ്ങനെ നേരെ നടക്കും? അത് കൊണ്ട് കണ്ട കസേരകളിലും, ഭിത്തികളിലും പിടിച്ച് പിടിച്ച് എങ്ങനൊക്കെയോ കസേരയില്‍ വന്നിരുന്നു.

പിന്നേം ‘ഠിം’ .

എന്റെ സകല ജീവനും പോയി , ഞാന്‍ കമ്പെടുത്ത വിവരം അവര്‍ അറിഞ്ഞിരിക്കുന്നു , ഞാന്‍ കയറാന്‍ നേരം ഇട്ട സ്റ്റൂള്‍ അവിടെ തന്നെ കിടക്കുന്നു. കുറ്റവാളി തെളിവ്‌ അവശേഷിപ്പിച്ചിരിക്കുന്നു !

വാപ്പ പതിയെ അടുക്കളയില്‍ നിന്നും വന്നു, എന്നിലെ ‘പേടി’  സടകുടഞ്ഞെണീറ്റു.

എല്ലാം ഇപ്പൊ തീരും എന്ന കാര്യത്തില്‍ ഏതാണ്ട്  ഒരു തീരുമാനമായി.

എന്നോട് ചോദിച്ചു തലവേദന എങ്ങനുണ്ട്, ?

കുറവുണ്ട്.

ങ്ങും ... ഒരു ശബ്ദം മാത്രം മറുപടി.

വേറൊന്നും മിണ്ടിയില്ല ,വാപ്പ തിരികെപ്പോയി .

കിട്ടേണ്ട അടി, കിട്ടാതെ പോകുമ്പോഴുള്ള സന്തോഷം എന്നില്‍ വീണ്ടും കാണപ്പെട്ടു.


അന്നത്തെ ദിവസം അങ്ങനെ പോയി ,

പിറ്റേന്ന് പതിവിലും നേരത്തെ ഉറക്കം എണീറ്റു, വെറുതെയല്ല , പ്ലാന്‍ ചെയ്യണമല്ലോ,

സ്കൂളില്‍ ചെന്നാല്‍ ഹെഡ്മാസ്റ്റര്‍ പൊക്കും, നല്ല മുട്ടന്‍ അടിയും കിട്ടും ,അതും ചന്തിക്ക് തന്നെ, ആ ഓര്‍മയില്‍ ഞാനൊന്ന് തടവി നോക്കി, മനസ്സില്‍ എ വേദന സങ്കല്‍പ്പിച്ചു, ഹൂ ... പിന്നെയൊരു പുറം പെരുപ്പായിരുന്നു.

അവന്‍ ചത്തിട്ടില്ല ,അതുകൊണ്ട് പോലീസ് പിടിക്കില്ലായിരിക്കും, അത് മാത്രമാണ് ഒരു ആശ്വാസം. അങ്ങിനെ കുളിച്ച് ഒരുങ്ങി ( ഉമ്മ കുളിപ്പിച്ചോരുക്കി) നുമ്മ ബാഗ് ഒക്കെ എടുത്ത്‌ പുറത്തിട്ടു,അപ്പോഴുണ്ട് ഉമ്മയും കൂടെ വരുന്നു, അതില്‍ വലിയ പ്രത്യേകതയൊന്നുമില്ല , ഞാന്‍ കൊച്ചു കുട്ടിയല്ലേ ? സ്കൂളിലേക്ക് നല്ല ദൂരമുണ്ട്, വയലും ഒരു ചെറിയ തോടും,കുറെ സ്റെപ്പുകളും  ഒക്കെ താണ്ടണം, അത് കൊണ്ട് ഉമ്മയും എന്നുംകൂടെ വരും, എന്നിട്ട് റോഡിലേക്ക്‌ കയറ്റി വിട്ടിട്ടേ മടങ്ങാറുള്ളൂ.,


അന്നും വന്നു പക്ഷെ റോഡ്‌ വരെയല്ല, സ്കൂളുവരെ,

ഞാന്‍ സ്കൂളിന്റെ പരിസരത്തേക്ക്‌ കടന്നപ്പോള്‍ മുതല്‍ നേരത്തെ വന്ന കുട്ടികള്‍ എന്നെത്തന്നെ നോക്കി നില്‍ക്കുന്നു,

ആ സമയത്ത്‌ എന്റെ മനസ്സില്‍ സിനിമയുടെ അവസാനം നായകന്റെ സാഹസികതകള്‍ കണ്ട് കയ്യടിച്ച് ബഹുമാനത്തോടെ വഴിയോരുക്കിതരുന്ന ജനങ്ങളെയാണ്.

എന്നെയും കൊണ്ട് ഉമ്മ ഓഫീസിലേക്ക് കയറി, എനിക്ക് ചുറ്റും ടീച്ചര്‍മാരുടെ നോട്ടം, കണ്ടിട്ടും, കണ്ടില്ലാന്നു നടിച്ചിടും എന്‍റെ കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു.

ഉമ്മയും ടീച്ചറും എന്തൊക്കയോ പറയുന്നുണ്ടായിരുന്നു. പക്ഷെ അതൊന്നും ശ്രദ്ധിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഞാന്‍ ഒന്നുമറിയാത്തവനെ പോലെ നിര്‍വികാരനായി അങ്ങനെ രണ്ടുകയ്യും പിറകില്‍ കെട്ടി അങ്ങനെ നില്‍ക്കുകയാണ്.


ഉമ്മയുടെ കൂടെ ചെന്നത് കൊണ്ടാവണം എന്നെ അവരാരും ഒന്നും പറഞ്ഞില്ല !

ക്ലാസില്‍ ചെന്നപ്പോള്‍ എല്ലാര്‍ക്കും എന്തോ ഒരു ബഹുമാനം കൂടിയപോലെ,

ഒരാളെ തലയടിച്ച് പൊട്ടിച്ചവനല്ലേ.. ബഹുമാനം തരാതിരിക്കുമോ?

ഈ പേരും പറഞ്ഞു ഞാന്‍ കുറെ മുതലെടുത്തിട്ടുണ്ട് , മുട്ടായി (മിഠായി ) വാങ്ങാനും കളികളിലെല്ലാം എനിക്കൊരു മുന്‍ഗണനയുമെല്ലാം ഞാന്‍ ചോദിച്ച് വാങ്ങിയിരുന്നു എന്ന് വേണം പറയാന്‍.


ആ സംഭവം ക്ലാസിലെ എന്‍റെ സ്റ്റാര്‍ വാല്യൂ ഉയര്‍ത്തി എന്നത് നേരാ..

ആ വര്‍ഷം ഇലക്ഷന് എന്തായാലും അതിന്‍റെ പ്രതിഭലനം ഉണ്ടായി, നുമ്മ ക്ലാസ് ലീഡറായി.


ആ സമയങ്ങളിലെല്ലാം ഞാന്‍ ആ രാക്ഷസനെ സ്കൂളില്‍ എല്ലായിടത്തും തിരയുമായിരുന്നു. കുറെ നാള്‍ കഴിഞ്ഞു കാണും ഞങ്ങള്‍ വീണ്ടും ആ സ്കൂളിന്‍റെ മുറ്റത്ത് തന്നെ വെച്ച് കണ്ടുമുട്ടി , ഒന്നല്ല പലവട്ടം, എന്തോ കണ്ടിട്ടും ഞങ്ങള്‍ രണ്ടു വഴിക്ക് പിരിഞ്ഞു പോകുകയായിരുന്നു.

ഒരുപക്ഷെ, ഇനിയും അവന്‍ അടിച്ചു പൊട്ടിച്ചാലോ എന്നാ പാവം ചിന്തിച്ച് കാണും.

‘വിജിത്ത്’  എന്നായിരുന്നു ആ രാക്ഷസന്‍റെ പേര് .,ഇന്നെവിടെയോ സെക്യൂരിറ്റി വിംഗ് ല്‍ ജോലിചെയ്യുകയാണ് പുള്ളി.

വര്‍ഷങ്ങള്‍ ഇപ്പോള്‍ 13 കഴിഞ്ഞിരിക്കുന്നു,

എങ്കിലും ഇപ്പോഴും ഞങ്ങള്‍ കാണാറുണ്ട് , ഇന്നും കണ്ടിരുന്നു,കാണുമ്പോഴെല്ലാം ഞങ്ങളില്‍ ഒരാള്‍ ഈ കാര്യം പറയും.വെറുതെ ഒന്നോര്‍ത്ത് ചിരിക്കാന്‍..

 ഇന്ന് കണ്ടപ്പോഴും ഞാനാ തല ഒന്ന് പിടിച്ചു നോക്കി , വല്ല പാടും കിടപ്പുണ്ടോ എന്ന് , എന്‍റെ വീര സാഹസിക കഥയിലെ അവശേഷിക്കുന്ന  ഒരു തെളിവ്.....


[ഓര്‍മ്മകള്‍ ചിലപ്പോള്‍ മധുരമുള്ളതാണ്, ചിലപ്പോള്‍ കയ്പ്പേറിയതും ...

ഇതെന്‍റെ മധുരമുള്ള ചില ഓര്‍മകളില്‍ ഒന്നുമാത്രം..]


with love ഇടങ്ങേറുകാരന്‍


റിനു അബ്ദുല്‍ റഷീദ്...



Comments

  1. എന്തൊക്കെയോ പ്രതീക്ഷിച്ചു... അതൊന്നും കിട്ടിയില്ല. എങ്കിലും കൊള്ളാം.. പങ്കുവെക്കുന്ന ഓര്‍മ്മകള്‍ക്ക് എപ്പോഴും പ്രത്യേക സുഖമുണ്ടല്ലോ.. അതുപോലെ ഇതും.

    ReplyDelete
    Replies
    1. എല്ലാ സിനിമകളുടെയും ക്ലൈമാക്സ് ഒരുപോലെ ആകണമെന്നില്ലല്ലോ സംഗീതേട്ടാ .. അത് പോലെ ഒന്നായിതും. എല്ലാ കഥകളെയും പോലെ ഒരു തട്ട് പൊളിപ്പന്‍ ക്ലൈമാക്സ് ഇതിലില്ല, കാരണം ആ ക്ലൈമാക്സ് എന്‍റെ ജീവിതത്തില്‍ നടന്നിട്ടില്ലല്ലോ...

      Delete
  2. അമ്പടാ ഭയങ്കരാ...
    നീ ആള് കൊള്ളാലോ
    ഒരുകണക്കിനു രക്ഷപ്പെട്ടൂന്ന് പറയാം അല്ലേ?

    ReplyDelete
    Replies
    1. അതേ അജിത്തെട്ടാ ... ഇന്നും ഞാനവനെ കണ്ടിരുന്നു, ഇന്നും ഞങ്ങള്‍ ആ കാര്യം പറഞ്ഞു ചിരിക്കുകയുണ്ടായി.... അന്ന് വളരെ പേടിയോടെ ഇതൊക്കെ ഒര്ത്തിരുന്നെങ്കിലും ഇപ്പോള്‍ ഇതെല്ലാം വളരെ നല്ല തമാശയായി തോന്നുന്നു.. :)

      Delete
  3. ബാപാന്റെ കയ്യില്‍ നിന്നും അന്ന് നിനക്ക് രണ്ടു കിട്ടിയിരുന്നെകില്‍ നീ ഇന്നെങ്കിലും നന്നാകുമായിരുന്നു.........തികച്ചും സത്യാ സന്ധമായ അവതരണം......

    ReplyDelete
    Replies
    1. എന്‍റെ നന്നാകലിനു എന്താ ഒരു കുഴപ്പം? ഇപ്പോ എന്നെക്കണ്ടാല്‍ ഞാന്‍ ഇടങ്ങേര്‍ ആണെന്നാരേലും പറയുമോ? ഉവ്വോ? ഉവ്വോ?

      Delete
  4. ഇവന്‍ പണ്ടും ഇടങ്ങേറായിരുന്നൊ,,,,

    ReplyDelete
    Replies
    1. അന്ന് ഈ പറയുന്നതിലും അപ്പുറമായിരുന്നു, ഇപ്പോ ഒരല്‍പം കുറഞ്ഞോ എന്നൊരു സംശയം, സാരമില്ല ,സമയമുണ്ട് ....

      Delete
  5. കൊള്ളാമെടാ..,
    നന്നായി എഴുതി...

    ആശംസകള്‍

    ReplyDelete
    Replies
    1. ആശംസയ്ക്ക് നന്ദി സുനൂ ... അന്‍റെ കമ്പിക്കഥകളോളം വരില്ല എങ്കിലും നമ്മളും ഒന്ന് ശ്രമിച്ച് നോക്കി, അത്രേള്ളു......

      Delete
  6. bheekaranaanivan bheekaran ......... pinne kanbi kadha sunuvinte alla ente aaanu
    samshayam undenkil nokk http://joji336.blogspot.com/2013/10/blog-post.html

    ReplyDelete
    Replies
    1. കമ്പിക്കഥകള്‍ വീക്ക്നെസ്സ് ആകുമ്പോള്‍ ആ വഴി വരാം, പോരെ ?

      Delete
  7. വന്നുവെന്ന് മനസ്സിലായി, ആ 'നിഷ്കളങ്കമായ ' പുഞ്ചിരിക്ക് വളരെ നന്ദി...

    ReplyDelete

Post a Comment